Tech
സമൂഹ മാധ്യമമായ എക്സ് പ്ലാറ്റ്ഫോമിന്റെ എഐ റെക്കമെൻഡേഷൻ അൽഗോരിതത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചു. എഐ റെക്കമെൻഡേഷൻ അൽഗോരിതത്തിൽ പരിഷ്കാരങ്ങൾ വരുത്തുമെന്നും അതോടൊപ്പം തന്നെ ഓപ്പൺ സോഴ്സ് ആക്കുമെന്നും മസ്ക് അറിയിച്ചു.
പ്ലാറ്റ്ഫോമിലെ ഉള്ളടക്കങ്ങൾ എങ്ങനെ പ്രദർശിപ്പിക്കപ്പെടുന്നു എന്നതിനെ ഈ മാറ്റം കാര്യമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്താഴ്ച മുതൽ ഈ മാറ്റം നടപ്പിലാക്കുമെന്നാണ് ഇതുവരെയുള്ള നിഗമനം.
ഇതിലൂടെ ഡെവലപ്പർമാർക്കും ഗവേഷകർക്കും എക്സ് എങ്ങനെയാണ് പോസ്റ്റുകൾ റാങ്ക് ചെയ്യുന്നതെന്നും ശുപാർശ ചെയ്യുന്നതെന്നും പരിശോധിക്കാൻ സാധിക്കും. ഉപയോക്താക്കളുടെ ഫീഡുകളിൽ അവർ പിന്തുടരുന്ന അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകളും അല്ലാത്തവയും ഏത് രീതിയിൽ വരണമെന്ന് തീരുമാനിക്കുന്നത് ഈ അൽഗോരിതമാണ്.
പല ഉപയോക്താക്കളും തങ്ങളുടെ പോസ്റ്റുകളുടെ ഇംപ്രഷനുകളിൽ മാറ്റങ്ങൾ സംഭവിക്കുന്നതായി ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൽഗോരിതം ഓപ്പൺ സോഴ്സ് ആക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക ക്രമീകരണത്തെക്കുറിച്ചുള്ള സുതാര്യത വർധിപ്പിക്കാൻ സഹായിക്കും.
എന്നാൽ, ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചോ ഔദ്യോഗിക സമയക്രമത്തെക്കുറിച്ചോ എക്സ് ഇതുവരെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്താഴ്ച മുതൽ ആരംഭിക്കുന്ന ഈ മാറ്റം ഘട്ടം ഘട്ടമായുള്ളതാണോ അതോ ആഗോളതലത്തിൽ ഒരേസമയം നടപ്പിലാക്കുന്നതാണോ എന്ന കാര്യത്തിലും നിലവിൽ വ്യക്തമായ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല
International
പാരീസ്: എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിന്റെ ഫ്രഞ്ച് ഓഫീസുകളിൽ പരിശോധന. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വ്യാജ വീഡിയോകളും പ്രചരിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട അന്വേഷത്തിന്റെ ഭാഗമായാണ് എക്സിന്റെ ഫ്രഞ്ച് ഓഫീസുകളിൽ പരിശോധന നടന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ അന്വേഷണം ആരംഭിച്ച കേസിലാണ് പരിശോധന നടക്കുന്നത്.
ഉടമയായ എലോൺ മസ്കിനെയും അവർ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ഗ്രോക്ക് വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തപ്പോൾ വ്യക്തിഗത ഡാറ്റ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെക്കുറിച്ചും അന്വേഷണം നടത്തും.
‘എക്സ് എഐ’ നിർമിച്ചതും ‘എക്സ്’ വഴി ലഭ്യമാകുന്നതുമായ ‘ഗ്രോക്ക്’, ‘എക്സ്’ ഉപയോക്താക്കളുടെ അഭ്യർഥനകൾക്ക് മറുപടിയായി ലൈംഗികത നിറഞ്ഞതും സമ്മതമില്ലാത്തതുമായ ഡീപ്പ്ഫേക്ക് ചിത്രങ്ങൾ കഴിഞ്ഞ മാസം പുറത്തിറങ്ങിയതിനെത്തുടർന്ന് ആഗോളതലത്തിൽ പ്രതിഷേധമുയർന്നിരുന്നു.
International
ന്യൂയോർക്ക്: ലോകസമ്പന്നൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്.എഐയും ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. 2026-ന്റെ രണ്ടാം പകുതിയോടെ ഇരു കമ്പനികളുടെയും പ്രാഥമിക ഓഹരി വില്പന നടന്നേക്കുമെന്നാണ് സൂചനകൾ.
ആഗോള നിക്ഷേപകർ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്നാണ് സ്പേസ് എക്സിന്റെ പ്രാഥമിക ഓഹരി വിൽപന. ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ 'സ്റ്റാർലിങ്കിന്റ' വമ്പിച്ച വിജയമാണ് സ്പേസ് എക്സിനെ പൊതുവിപണിയിലേക്ക് എത്തിക്കാൻ മസ്കിനെ പ്രേരിപ്പിക്കുന്നത്. നിലവിൽ ഏകദേശം 250 ബില്യൺ ഡോളറിലധികം മൂല്യം കണക്കാക്കപ്പെടുന്ന സ്പേസ് എക്സ്, വിപണിയിൽ എത്തുന്നതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായി മാറും.
മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭമായ എക്സ്.എഐയും ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത് ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ വളർച്ച കൈവരിച്ച കമ്പനി, ഓപ്പൺ എഐ , ഗൂഗിൾ എന്നിവർക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. നിക്ഷേപ സമാഹരണത്തിലൂടെ എഐ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിക്കുകയാണ് മസ്കിന്റെ ലക്ഷ്യം.
International
ന്യൂയോർക്ക്: ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ രേഖകളിൽ ലോകസമ്പന്നൻ എലോൺ മസ്കിന്റെ പേര് ആയിരത്തിലധികം തവണ പരാമർശിക്കപ്പെടുന്നു. എപ്സ്റ്റൈന്റെ സ്വകാര്യ ദ്വീപ് സന്ദർശിക്കുന്നതിനായി 2012-ലും 2013-ലും മസ്ക് ഇമെയിൽ അയച്ചതായാണ് വെളിപ്പെടുത്തൽ.
"ഞാനും താലുലയും (മസ്കിന്റെ മുൻഭാര്യ താലുല റൈലി) മാത്രമായിരിക്കും വരിക. നിങ്ങളുടെ ദ്വീപിലെ ഏറ്റവും മികച്ച പാർട്ടി ഏത് ദിവസമാണ് നടക്കുക?" എന്ന് മസ്ക് ഇമെയിലിൽ ചോദിച്ചതായി രേഖകൾ പറയുന്നു. ദ്വീപിലെ സ്ത്രീ-പുരുഷ അനുപാതം താലുലയ്ക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം എന്ന് എപ്സ്റ്റൈൻ മറുപടി നൽകി. എന്നാൽ അത് അവൾക്ക് പ്രശ്നമാകില്ലെന്ന് മസ്ക് തിരിച്ചു പ്രതികരിച്ചതായും റിപ്പോർട്ടിലുണ്ട്.
എന്നാൽ സാങ്കേതികമായ കാരണങ്ങളാൽ മസ്കിന് അന്ന് ആ ദ്വീപ് സന്ദർശിക്കാൻ കഴിഞ്ഞില്ലെന്നാണ് സൂചന. അതേസമയം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സിലൂടെ' മസ്ക് ഈ ആരോപണങ്ങൾ നിഷേധിച്ചു. എപ്സ്റ്റൈനുമായി തനിക്ക് വളരെ കുറഞ്ഞ ബന്ധമേ ഉണ്ടായിരുന്നുള്ളൂ എന്നും, അദ്ദേഹത്തിന്റെ ദ്വീപ് സന്ദർശിക്കാനോ 'ലോലിത എക്സ്പ്രസ്' എന്ന വിമാനത്തിൽ യാത്ര ചെയ്യാനോ ഉള്ള ക്ഷണം താൻ പലതവണ നിരസിച്ചിട്ടുണ്ടെന്നും മസ്ക് വ്യക്തമാക്കി.
Tech
കലിഫോർണിയ: വാർഷിക വരുമാനത്തിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തിയതായി ആഗോള കാർനിർമാതാക്കളായ ടെസ്ല. ഇലക്ട്രിക് വാഹന നിർമാണത്തിൽനിന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നീ മേഖലകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ മാറ്റത്തിനു കാരണമെന്നും കമ്പനി അറിയിച്ചു.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കന്പനിക്ക് 2025ൽ മാത്രം വാർഷിക വരുമാനത്തിൽ മൂന്നു ശതമാനം കുറവുണ്ടായതായും വർഷത്തിന്റെ അവസാന മൂന്നു മാസങ്ങളിൽ ലാഭത്തിൽ 61 ശതമാനം ഇടിവുണ്ടായതായും റിപ്പോർട്ട് പറയുന്നു. മോഡൽ എസ്, മോഡൽ എക്സ് എന്നീ വാഹനങ്ങളുടെ ഉത്പാദനം നിർത്തലാക്കിയെന്നും ഈ കാറുകൾ നിർമിച്ചിരുന്ന കലിഫോർണിയയിലെ പ്ലാന്റ് ഇനി മുതൽ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളുടെ (മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ) നിർമാണത്തിനായി ഉപയോഗിക്കുമെന്നും ടെസ്ല പ്രഖ്യാപിച്ചു.
റോബോടാക്സി
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളെന്ന പദവി ടെസ്ലയെ മറികടന്ന് ജനുവരിയിൽ ചൈനീസ് കമ്പനിയായ ബിവൈഡി സ്വന്തമാക്കിയിരുന്നു. മസ്കിന്റെ ആർട്ടിഫിഷൽ ഇന്റലിജൻസ് x-എഐ സംരംഭത്തിൽ ടെസ്ല രണ്ടു ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന വർഷങ്ങളിൽ കമ്പനിയുടെ മൂലധനനിക്ഷേപം ഏകദേശം 20 ബില്യൺ ഡോളറായി ഉയർത്താനാണ് ടെസ്ല ലക്ഷ്യമിടുന്നത്.
റോബോടാക്സി പോലുള്ള പുതിയ മേഖലകളിലേക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. അതേസമയം, കമ്പനിയുടെ നിലവിലുള്ള ഇലക്ട്രിക് വാഹന മോഡലുകൾ കാലഹരണപ്പെട്ടതാണെന്നു വിദഗ്ധർ പറയുന്നു. മോഡൽ S, മോഡൽ X എന്നീ വാഹനങ്ങളുടെ വിൽപനയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് എഡ്മണ്ട്സിലെ ഇൻസൈറ്റ്സ് വിഭാഗം മേധാവി ജെസീക്ക കാൾഡ്വെൽ ചൂണ്ടിക്കാണ്ടി.
National
മുംബൈ: സ്പേസ് എക്സ് സ്ഥാപകൻ ഇലോണ്‍ മസ്കിന്റെ പേരിൽ മുംബൈ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. സമൂഹ മാധ്യമമായ എക്സിലൂടെ ആയിരുന്നു ഇലോൺ മസ്കിന്റെ പേരിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയത്.
മുംബൈയിലെ ചെമ്പൂരിൽ താമസിക്കുന്ന 40 വയസുകാരിക്കാണ് പണം നഷ്ടമായത്. എക്സിൽ ഇലോൺ മസ്കിന്റെ പേരിൽ യുവതിയുമായി പരിചയം സ്ഥാപിച്ച തട്ടിപ്പ് സംഘം തുടർന്ന് മറ്റൊരു മെസേജിംഗ് ആപ്പിലേക്ക് വരാൻ പറഞ്ഞ് അവിടെയും ചാറ്റ് ചെയ്തു.
വിവാഹം കഴിക്കാമെന്നും അമേരിക്കയിൽ പുതിയ ജീവിതം നൽകാമെന്നും ഉൾപ്പെടെയാണ് യുവതിക്ക് നൽകിയ വാഗ്ദാനങ്ങൾ. തുടർന്ന് വിസ നടപടിക്രമങ്ങൾക്കായി ജെയിംസ് എന്നയാളെ പരിചയപ്പെടുത്തി.
ജെയിംസ് വിസ പ്രോസസിംഗ് ഫീസെന്ന് പറഞ്ഞ് അമസോൺ ഗിഫ്റ്റ് കാർഡുകൾ യുവതിയിൽ നിന്ന് വാങ്ങി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ 16.34 ലക്ഷം രൂപയുടെ ഗിഫ്റ്റ് കാർഡുകളാണ് യുവതി നൽകിയത്.
ജനുവരി 15ന് അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റിനായി യുവതിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. പണം നൽകാനാവില്ലെന്ന് വ്യക്തമാക്കിയതോടെ അമേരിക്ക കാണില്ലെന്ന് മറുപടി നൽകിയ തട്ടിപ്പ് സംഘം പിന്നീട് പ്രതികരിച്ചിട്ടില്ല.
International
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോമിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടായ 'ഗ്രോക്ക്' ഉപയോഗിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും ലൈംഗികാതിപ്രസരമുള്ള 30 ലക്ഷത്തിലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതായി അന്വേഷണ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ലോകത്തെ വിദ്വേഷകരമായ ഉള്ളടക്കങ്ങള്‍ ചെറുക്കുന്നതിനുള്ള 'സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിജിറ്റല്‍ ഹേറ്റ്' എന്ന സംഘടനയുടേതാണ് റിപ്പോര്‍ട്ട്.
ഗ്രോക്കിന്റെ സുരക്ഷാ മാനദണ്ഡങ്ങളിലെ പാളിച്ചകള്‍ കാരണമാണ് ഉപയോക്താക്കള്‍ക്ക് ഇത്തരം അശ്ലീലകരവും ഹാനികാരകവുമായ ദൃശ്യങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മോശം ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നതാണ് ഏറ്റവും ഗുരുതരമായ വീഴ്ചയെന്നും റിപ്പോര്‍ട്ടിലുണ്ട്.
മറ്റ് പ്രമുഖ എഐ പ്ലാറ്റ്ഫോമുകളായ ഓപ്പണ്‍ എഐ, ഗൂഗിള്‍ ജെമിനി എന്നിവ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇലോണ്‍ മസ്ക് മുന്നോട്ടുവെക്കുന്ന 'പരിധിയില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം' എന്ന നയം ഗ്രോക്കിനെ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിവിധ രാജ്യങ്ങളിലെ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ ഗ്രോക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ലഭ്യമാക്കിയ സൗജന്യ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം തടസപ്പെടുത്തി ഇറാൻ. പ്രക്ഷോഭം വ്യാപിച്ചതിനെതുടർന്ന് ഇറാനിൽ ദിവസങ്ങളായി ഇന്റർനെറ്റ് നിരോധനം തുടരുന്നതിനിടെയാണ് മസ്ക് സൗജന്യ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയത്.
എന്നാൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇറാനിൽ ലഭ്യമായി തുടങ്ങിയതിനു പിന്നാലെ ജാമറുകൾ ഉപയോഗിച്ച് സൈന്യം ഈ സേവനം തടസപ്പെടുത്തുകയായിരുന്നു. ഇറാനിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ മസ്കുമായി സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ ഇറാനിലെ സ്റ്റാർലിങ്ക് വരിസംഖ്യ ഒഴിവാക്കിയിട്ടുണ്ടെന്നും രാജ്യത്ത് റിസീവറുകളുള്ള ആളുകൾക്ക് പണം നൽകാതെ തന്നെ ഇന്റർനെറ്റ് സേവനം ഉപയോഗിക്കാൻ സാധിക്കുമെന്നും ഹോളിസ്റ്റിക് റെസിലിയൻസ് എന്ന യുഎസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് അഹ്മദിയാൻ വ്യക്തമാക്കിയിരുന്നു.
National
ന്യൂഡല്‍ഹി: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഗ്രോക്ക് എഐ ചാറ്റ്ബോട്ട് അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് എക്സ് സമര്‍പ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് കേന്ദ്ര സര്‍ക്കാർ. കേന്ദ്രത്തിന്റെ നോട്ടീസിനോട് വിശദമായ മറുപടിയാണ് മസ്ക് നല്‍കിയതെങ്കിലും പ്രധാന വിവരങ്ങള്‍ ഒഴിവാക്കിയതായാണ് വിമര്‍ശനം. ഗ്രോക്ക് എഐ വഴി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കം ചെയ്യാനും 72 മണിക്കൂറിനുള്ളില്‍ വിശദമായ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്‍കാനുമാണ് കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയം ഗ്രോകിനോട് ആവശ്യപ്പെട്ടത്. ഗ്രോക്ക് എഐ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി.
ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കകം എക്സ് ദീര്‍ഘമായ മറുപടി സമര്‍പ്പിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പോസ്റ്റുകളും അശ്ലീല ചിത്രങ്ങളും നീക്കം ചെയ്യുന്നതിനുള്ള നയങ്ങളും വിശദീകരിച്ചു. എന്നാൽ, ഗ്രോക്ക് എഐ വഴി ഉണ്ടായ അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ എടുത്ത പ്രത്യേക നടപടികളും ഭാവിയില്‍ ഇത് തടയാനുള്ള നടപടികളും മറുപടിയില്‍ വിശദമായി പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗ്രോകിന്റെ മറുപടി തീര്‍ത്തും പോരായെന്നുള്ള സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എക്സിന് വീണ്ടും കേന്ദ്രം നിര്‍ദേശം നല്കി.
ഐ.ടി നിയമപ്രകാരം പ്ലാറ്റ്ഫോമുകള്‍ക്കുള്ള 'സേഫ് ഹാര്‍ബർ' പരിരക്ഷ പാലിക്കുന്നതിന് പ്ലാറ്റ്ഫോമുകള് ഇന്ത്യന്‍ നിയമങ്ങള്‍ കര്‍ശനമായി പിന്തുടരണം (ഡ്യൂ ഡിലിജന്‍സ്) എന്നാണ് വ്യവസ്ഥ. ഇത് പാലിക്കാതിരുന്നാല്‍ ഈ പരിരക്ഷ നഷ്ടപ്പെടുമെന്ന് കേന്ദ്രം ഇതിന് മുന്‍പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രോക്കിന്റെ ദുരുപയോഗം പ്ലാറ്റ്ഫോമിന്റെ സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതര വീഴ്ചയാണെന്നും വിമര്‍ശനമുണ്ട്. ഗ്രോക്ക് എഐയുടെ ഇതേ പ്രശ്നങ്ങള്‍ ഇന്ത്യക്ക് പുറമേ യുകെയിലും മലേഷ്യയിലും ചര്‍ച്ചയായിട്ടുണ്ട്.
Business
സാൻ ഫ്രാൻസിസ്കോ: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയ്ക്ക് വലിയ തിരിച്ചടി. യുഎസിൽ നവംബറിലെ വില്പന നാലു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില കുറഞ്ഞതും പുതിയതുമായി മോഡലുകൾ പുറത്തിറക്കിയിട്ടും വില്പന കുറഞ്ഞു.
പുതിയ സ്റ്റാൻഡേർഡ് മോഡൽ കന്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. വില കുറഞ്ഞ ഈ മോഡലിലൂടെ നവംബറിൽ വില്പന ഉയർത്താമെന്നായിരുന്നു കന്പനി പ്രതീക്ഷിച്ചത്. എന്നാൽ, വില്പനയിൽ 23 ശതമാനം ഇടിവാണുണ്ടായത്. മുൻവർഷം നവംബറിൽ 51,513 വാഹനങ്ങൾ വിറ്റിടത്ത് ഇത്തവണ 39,800 ലേക്ക് താഴ്ന്നു. 2022 ജനുവരിക്കുശേഷമുള്ള താഴ്ന്ന വില്പനയാണിത്.
ടെസ്ലയ്ക്ക് മാത്രമല്ല, യുഎസിൽ മറ്റ് കന്പനികൾക്കും ഇവി വില്പനയിൽ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. നവംബറിൽ മൊത്തം വില്പനയിൽ 41 ശതമാനം ഇടിവാണ് ഇവികൾക്ക് നേരിടേണ്ടി വന്നത്. ടെസ്ലയുടെ വിപണിവിഹിതം യുഎസിൽ ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ 43.1 ശതമാനത്തിൽനിന്ന് 56.7 ശതമാനമായി.
യൂറോപ്പിൽനിന്നും ചൈനയിൽനിന്നും കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ പുറത്തിറക്കുന്നത് മസ്കിന്റെ കന്പനിക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. പുതിയ മോഡലുകൾ കാര്യമായി പുറത്തിറക്കാത്തതും ടെസ്ലയ്ക്ക് ആഗോള വിപണിയിൽ ക്ഷീണം സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഇന്ത്യയിലും വില്പന മോശം
വളരെ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് ഈ വർഷമെത്തിയ ടെസ്ലയ്ക്ക് ക്ഷീണമാണ്. പുറത്തിറങ്ങിയശേഷം വിപണിയിൽനിന്ന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. വില്പന മന്ദഗതിയിലായി. സെപ്റ്റംബറിൽ ഡെലിവറി ആരംഭിച്ചതു മുതൽ ഇതുവരെ രാജ്യത്ത് ഏകദേശം 157 കാറുകൾ മാത്രമേ വിറ്റഴിച്ചിട്ടുള്ളൂ.
നവംബറിൽ 48 കാറുകൾ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. സമയം വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ് നവംബറിൽ 291 കാറുകൾ വിറ്റു. കാറുകൾ വിറ്റു. ടെസ്ലയുടെ പ്രധാന എതിരാളിയായ ബിവൈഡിയും പ്രതിമാസം 500ലധികം വാഹനങ്ങൾ വിറ്റിട്ടുണ്ട്.
ഇന്ത്യയിലെ ഇലക്ട്രിക് കാർ വില്പനയിൽ നിലവിൽ ടെസ്ല പത്താം സ്ഥാനത്താണ്. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ആണ് മുന്നിൽ.
NRI
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ ഇലോൺ മസ്ക് പുതിയ പാർട്ടി രൂപീകരിച്ചു. "അമേരിക്ക പാർട്ടി' എന്നാണു പേര്.
ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും എക്സ് അടക്കം അനേകം സ്ഥാപനങ്ങളുടെ ഉടമയുമായ മസ്ക് രാഷ്ട്രീയത്തിലേക്കു കടക്കുന്നത് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടിയായേക്കും.
അമേരിക്കയിൽ പുതിയ പാർട്ടി വേണമോ എന്ന് എക്സിലൂടെ അനുയായികളോടു ചോദിച്ച ശേഷമാണ് മക്സ് പ്രഖ്യാപനം നടത്തിയത്. നിങ്ങൾക്കു സ്വാതന്ത്ര്യം നല്കാൻ അമേരിക്ക പാർട്ടി രൂപവത്കൃതമായി എന്ന് അദ്ദേഹം പറഞ്ഞു.
നികുതിയിൽ ഇളവു വരുത്താനും പ്രതിരോധച്ചെലവ് വർധിപ്പിക്കാനുമുള്ള "വൺ ബ്യൂട്ടിഫുൾ ബില്ലിൽ' ട്രംപ് ഒപ്പുവച്ചതിനു പിന്നാലെയായിരുന്നു മസ്കിന്റെ നടപടി.
ഈ ബില്ലിന്റെ പേരിലാണ് ട്രംപുമായി മസ്ക് തെറ്റിപ്പിരിഞ്ഞത്. ബിൽ അമേരിക്കയെ കടക്കെണിയിലാക്കുമെന്ന് മസ്ക് ആവർത്തിച്ചു. ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ജനപ്രതിനിധികളെ താഴെയിറക്കാൻ പണമെറിയുമെന്നാണ് മസ്ക് ഇപ്പോൾ പറയുന്നത്.
കഴിഞ്ഞവർഷം നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ജയിപ്പിക്കാൻ മസ്ക് പണമെറിഞ്ഞിരുന്നു.
അടുത്ത വർഷം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ മസ്കിന്റെ പാർട്ടി വലിയ തലവേദന സൃഷ്ടിക്കുമെന്നാണു റിപ്പബ്ലിക്കൻ പാർട്ടിക്കാർ ഭയക്കുന്നത്.
International
ഓസ്റ്റിൻ: പരീക്ഷണത്തിനിടെ എലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നോടെ ടെക്സസിൽ വച്ചായിരുന്നു സംഭവം. ഓസ്റ്റിൻ: പരീക്ഷണത്തിനിടെ എലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നോടെ ടെക്സസിൽ വച്ചായിരുന്നു സംഭവം. സ്റ്റാറ്റിക് ഫയർ ടെസ്റ്റ് നടന്നുകൊണ്ടിരിക്കവേയായിരുന്നു റോക്കറ്റ് പൊട്ടിത്തെറിച്ച് തീഗോളമായി ആകാശത്തേക്കുയർന്നത്. ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്ന് സ്പേസ് എക്സ് സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു. സമീപത്തെ ജനവാസകേന്ദ്രങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും സംഭവം നടന്നയിടത്തേക്ക് ജനങ്ങൾ കടന്നുചെല്ലാൻ ശ്രമിക്കരുതെന്ന് ഏലൺ മസ്ക് മുന്നറിയിപ്പ് നൽകി. സ്ഫോടനത്തിനു ശേഷം, പ്രാദേശിക അധികൃതരുമായി ചേർന്ന് കന്പനി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.